Friday 16 June 2017

നവലോകകാലത്തെ ക്ലാസ്‌മുറി

ലോകമെമ്പാടും സ്കൂളുകളും ക്ലാസ്മുറികളും ആധുനികരീതിക്കനുസരിച്ച് രൂപം മാറുകയാണ്. പഴയ സാമ്പ്രദായിക രീതികൾ ഇന്നെവിടെയും ഇല്ല. അധ്യാപനം, പഠനം, പരീക്ഷ എന്നീ മേഖലകളിലൊക്കെ നവീനത സ്ഥാപിക്കപ്പെടുന്നു. മൂന്നാം ലോക രാജ്യങ്ങളിലടക്കം ഇതാണവസ്ഥ. മാറ്റങ്ങളിൽ ഭൗതികമായ അംശം പ്രധാനമായി , ഉയർന്ന സാങ്കേതികവിദ്യക്ക് പ്രമുഖ്യം ഉണ്ടാവുന്നു എന്നതാണ്. വികസിച്ചുകൊണ്ടിരിക്കുന്ന വിവരസാങ്കേതികവിദ്യ വിദ്യാഭ്യാസമേഖലയിൽ വലിയതോതിൽ പരിവർത്തനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. കേരളത്തിലും അതിന്റെ സ്വാധീനം പ്രകടമാണ്.

അറിവ് കൈമാറ്റം, അറിവ് ശേഖരണം / സൂക്ഷിക്കൽ , വിവരങ്ങൾ ആവശ്യാനുസൃതം കൈകാര്യം ചെയ്യൽ, അറിവ് നിർമ്മാണം, അറിവിന്റെ പുനരുപയോഗം തുടങ്ങിയ പ്രവർത്തനങ്ങളാണ് പൊതുവെ സ്കൂളുകളിൽ നടക്കുന്നത്. അദ്ധ്യാപകനാണ് ഇതിനെല്ലാം ആവശ്യമായ പഠനാനുഭവങ്ങൾ / പ്രവർത്തനങ്ങൾ ഒരുക്കൂട്ടുന്നത്. ഇതൊക്കെയും നിർവഹിക്കാനുള്ള അന്തരീക്ഷം ക്ലാസ്‌മുറിയിൽ വേണം. ഇതിന്റെയൊക്കെ ഫലഭാഗം ജ്ഞാനനിർമ്മാണം തന്നെയാണ്. കുട്ടി അറിവ് നിർമ്മിക്കുന്നു. അദ്ധ്യാപകർ സഹായിക്കുന്നു; സ്വയം നവീകരിക്കപ്പെടുന്നു. ഈ പ്രക്രിയക്ക് ക്ലാസ്മുറി മാത്രമല്ല സ്കൂളാകെത്തന്നെ പഠനപരിസരമായി മാറുന്നു. സ്കൂളിന്ന് പുറത്തേക്കും പരിസരം വികസിക്കുന്നു. പാഠപുസ്തകം, പഠനോപകരണനം , ലാബ് , ലൈബ്രറി , പ്രാദേശികമായി ലഭ്യമാകുന്ന അറിവിന്റെ സാധ്യതകൾ എല്ലാം കുട്ടിയേയും അദ്ധ്യാപകനേയും സഹായിക്കുന്നു. ഇവിടങ്ങളിൽ നിന്നൊക്കെ വിവരങ്ങളാണ് / ഇൻഫൊർമേഷനാണ് ലഭിക്കുന്നത്. അദ്ധ്യാപകന്റെ സഹായത്തോടെ കുട്ടി ഇതൊക്കെ സ്വീകരിക്കുകയും പരിചരിക്കുകയും പാകപ്പെടുത്തുകയും ചെയ്ത് അറിവുണ്ടാക്കുന്നു. ഈ പ്രക്രിയക്ക് സഹായകമായ ഒരു പഠനാന്തരീക്ഷം / ലേർണിങ്ങ് എൻവിറോൺമെന്റ് ഒരുക്കിയെടുക്കാനാണ് ഡിജിറ്റലും നോൺ ഡിജിറ്റലുമായ സംവിധാനങ്ങളൊക്കെയും . ഈയൊരു എൻവിറോണ്മെന്റ് ആണ് വിദ്യാഭ്യാസമേഖലയിലെ ഹൈടെക്ക് !

ഉപകരണങ്ങളുടെ കാര്യത്തിൽ നമ്മുടെ സ്കൂളുകൾ താരതമ്യേന സമ്പന്നമാണ്. ഇല്ലാത്തവ ഉണ്ടാക്കാൻ വേണ്ട കെൽപ്പ് നിലവിൽ സമൂഹമധ്യത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഉണ്ട്. സ്റ്റേറ്റും ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നു. എന്നാൽ

1 . കമ്പ്യൂട്ടർ പോലുള്ള ഉപകരണങ്ങൾ പലകാരണങ്ങളാലും അറിവു നിർമ്മാണവുമായി സംയോജിപ്പിക്കാൻ നമ്മുടെ പരമ്പരാഗത അദ്ധ്യാപക സമൂഹത്തിന്ന് ആവുന്നില്ല.
2 . പഠനപ്രക്രിയാസന്ദർഭങ്ങളിൽ പ്രസക്തമായ രീതിയിൽ ഈ ഉപകരണങ്ങൾ പ്രയോജനപ്പെടുത്താൻ കുട്ടിക്കോ അദ്ധ്യാപകർക്കോ വേണ്ടത്ര സഹായമോ വഴികാട്ടലോ ഉണ്ടാകുന്നില്ല.
3 . ഗംഭീരമായി ഒരുക്കിയെടുക്കുന്ന ഐ ടി ലാബിന്ന് പുറത്ത് ഈ സാങ്കേതികവിദ്യ അദ്ധ്യാപകന്നോ കുട്ടിക്കോ പ്രവത്തിപ്പിക്കാനാവുന്നില്ല.

ക്ലാസ്മുറിയിലും ക്ലാസ്മുറിക്ക് പുറത്ത് സ്കൂളിലാകെയും വീട്ടിലും ആവശ്യമെന്നു തോന്നുന്ന സന്ദർഭങ്ങളിലൊക്കെ കുട്ടിക്കും അധ്യാപകനും രക്ഷിതാവിനും പ്രയോജനപ്പെടുത്താവുന്ന നിലയിൽ ഈ സങ്കേതിക സംവിധാനങ്ങൾ ലഭ്യമാകുമ്പോഴെ പഠനം ഹൈടെക്ക് ആവുകയുള്ളൂ.

അദ്ധ്യപകർ, ലാബ് , ലൈബ്രറി, ക്ലാസ്രൂം, കളിസ്ഥലം, സ്കൂൾ അന്തരീക്ഷം, സാമൂഹ്യപരിസം, പ്രകൃതി, നാടിന്റെ സംസ്കാരം, നാടിന്റെ ചരിത്രം, നാട്ടിലെ ജ്ഞാനസമ്പത്ത് [ ലോക്കൽ റിസോർസ് ] തുടങ്ങി ഭൗതികമായ സാധ്യതകളൊക്കെ കുട്ടിക്ക് പ്രയോജനപ്പെടുത്താൻ കഴിയണം. ഇതിനൊക്കെ പകരമാണ് സങ്കേതികവിദ്യ എന്ന ധാരണ ഉണ്ടാകരുത്.

പഠനവും പരീക്ഷയും നിരന്തരമായും നിലവിലെ അവസ്ഥയിൽ ടേമന്ത്യത്തിലും നിർവഹിക്കപ്പെടുന്നതിന്ന് ഈ സാങ്കേതിക സംവിധാനത്തിന്ന് സഹായം നൽകാൻ കഴിയണം.

അദ്ധ്യാപകനും രക്ഷിതാവിനും ഔദ്യോഗികസംവിധാനത്തിനും മുഴുവൻ പ്രക്രിയകൾ നിരീക്ഷിക്കാനും വേണ്ട സഹായം നൽകാനും ഈ സാങ്കേതികസംവിധാനത്തിന്ന് പ്രാപ്തിയുണ്ടാവണം.

ഭിന്ന നിലവാരക്കാർ, ഭിന്ന ശേഷിക്കാർ, എന്നിവരെയൊക്കെ പരിഗണിക്കാനും അവരെ സഹായിക്കുന്ന പ്രക്രിയകളും പ്രവർത്തനങ്ങളും സാധ്യമാക്കാനും ഈ സാങ്കേതിക സംവിധാനത്തിന്ന് കഴിയണം. എല്ലാ കുട്ടിക്കും പ്രയോജനപ്പെടണം.

കുട്ടിയുടെ ബഹുമുഖബുദ്ധി എന്ന പരികൽപ്പന അംഗീകരിക്കപ്പെടണം. ബഹുമുഖബുദ്ധിയെ പ്രചോദിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ക്ലാസ്‌മുറിയിൽ ഉണ്ടാവണം. മികവ് ഓരോകുട്ടിക്കും ഉറപ്പുവരുത്തണം.

നിലവിലുള്ള പാഠപുസ്തകങ്ങൾ, ടീച്ചർ ടെക്സ്റ്റുകൾ എന്നിവക്കുള്ളിൽ നിന്നാവണം എല്ലാ സാങ്കേതികനിബന്ധങ്ങളും. കാലാനുസൃതമായി പുതുക്കപ്പെടണം. സർഗാത്മകമായ അദ്ധ്യാപക ഇടപെടലുകൾ / മെച്ചപ്പെടുത്തലുകൾ അനുവദിക്കപ്പെടണം.

ഓരോ പാഠപുസ്തകങ്ങളിലേയും ഓരോ യൂണിറ്റുകളിലേയും ഓരൊ പ്രവർത്തനങ്ങളും അടിസ്ഥാനമാക്കിയുള്ള സഹായക സംവിധാനം സാങ്കേതിക വിദ്യകൊണ്ട് സമ്പുഷ്ടമാവണം. റീഡിങ്ങ് കാർഡുകൾ, ഓഡിയോ, വീഡിയോ, ചിത്രങ്ങൾ, വർക്ക്ഷീറ്റുകൾ, ഇന്ററാക്ടീവ് ഗെയിമുകൾ, ഇവാലുവേഷൻ സാമഗ്രികൾ , ഇവലുവേഷൻ പ്രക്രിയകൾ , അക്കാദമികമായ ആപ്പുകൾ തുടങ്ങിയ സാധ്യതകൾ പ്രയോജനപ്പെടുത്തണം. ഡിജിറ്റൽ ലാബ്, ഡിജിറ്റൽ ലൈബ്രറി, ബ്ലോഗ് - സൈറ്റ് - സാമൂഹ്യമാധ്യമങ്ങൾ , വിക്കിപീഡിയ എന്നിവയൊക്കെയും ഇതിൽ പ്രയോജനപ്പെടണം.

വ്യത്യസ്തബോധന തന്ത്രങ്ങൾ ആവിഷ്കരിക്കാൻ സാധ്യത നൽകുന്നതാവണം .Differentiated Education Strategies , Collaborative learning strategies , Inclusive Education strategies , Dynamic Text , Universal Design for Learning , Cognitive Tutor , Local Text.... തുടങ്ങിയവ.

കുട്ടിയെ നിരന്തരമായി വിലയിരുത്താനും അതിനനുസരിച്ച പ്രവർത്തനാസൂത്രണം നടത്താനും സഹായകരമാകുന്നതാവണം. പ്രക്രിയാ ബന്ധിതമായ ശേഷി വികാസങ്ങളെ നിരന്തര മൂല്യനിർണ്ണയത്തിലൂടെ വിലയിരുത്തി മുന്നേറാനുള്ള ടൂളുകൾ ഉള്ളടക്കം ചെയ്തിരിക്കണം.

പഠന രീതിയുടെ അന്താരാഷ്ട്ര നിലവാരം നേടുന്നതിലേക്കു നയിക്കുന്നതാവണം. ലോകത്തെവിടെയും ലഭിക്കുന്ന എല്ലാ അറിവുകളും കൂട്ടിച്ചേർക്കാവുന്ന ഒരു പ്ലാറ്റ്ഫോമായിരിക്കണം രൂപപ്പെടുത്തേണ്ടത്.

വേണ്ടത് വേണ്ടപ്പോൾവേണ്ടിടത്ത് ലഭ്യമാവണം. നിലവിലുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും ബ്ലോഗുകളിലും വെബ്‌സൈറ്റുകളിലും ലഭ്യമാവുന്നതും ക്ലാസിൽ രൂപപ്പെടുന്നതും ആയ എല്ലാ റിസോഴ്സുകളും കൂട്ടിച്ചേർക്കാവുന്നതും വിരൽതുമ്പിൽ ലഭ്യമാക്കാനും കഴിയണം. പുനരുപയോഗം, നവീകരണം എന്നിവക്ക് പ്രാധാന്യം കൊടുക്കണം.

നിരന്തരം സ്വയം നവീകരിക്കപ്പെടാനും ഓരോകുട്ടിയുടേയും അദ്ധ്യാപകന്റേയും നിലവാരത്തിനനുസരിച്ച് മെച്ചപ്പെടുത്താനും അത് യഥാസമയം വിലയിരുത്താനും നിർദ്ദേശങ്ങൾ നൽകാൻ നിയുക്തരായവർക്ക് ഇടപെടാനും ഈ സാങ്കേതികസംവിധാനത്തിന്ന് അവസരവും ഇടവുമുണ്ടാകണം.


ഇത്രയും കാര്യങ്ങളെങ്കിലും സാധ്യമാക്കാനാവുമ്പോഴേ നാമും നവലോകത്തോടൊപ്പം സാങ്കേതികവിദ്യയിൽ എത്തീ എന്നു ഉറപ്പിക്കാനാവൂ. ഉപകരണങ്ങൾ ശേഖരിക്കുകയും അത് അറിവുനിർമ്മാണത്തിൽ / പ്രക്രിയകളിൽ ആവശ്യമായ സന്ദർഭങ്ങളിലൊക്കെ ഒട്ടും സങ്കീർണ്ണതകളില്ലാതെ സഹായകമാവുകയും ചെയ്യുന്നു എന്നു വരുമ്പോഴേ നാം ഹൈടെക്ക് ആവുകയുള്ളൂ. അദ്ധ്യാപകർക്കും കുട്ടിക്കും നൽകുന്ന ഒരു പരിശീലനവും ഇതിലേക്ക് എത്തിക്കില്ല. അദ്ധ്യാപകന്റേയും കുട്ടിയുടേയും ഒരു വികാരമായി, സംസ്കാരമായി, സ്വഭാവമായി ഇത് സ്വയം രൂപപ്പെടണം. ഓരോ സ്കൂളും അവരവർക്കാവശ്യമായ രീതിയിൽ – സ്കൂൾ മാസ്റ്റർപ്ലാൻ, വാർഷികപ്ലാൻ , എസ് ആർ ജി ചർച്ചകൾ എന്നിവയുടെ അടിസ്ഥാനത്തിൽ – സ്വയം കെട്ടിപ്പടുക്കുന്ന സാങ്കേതികസംവിധാനങ്ങളാവണം. കുറേ കമ്പ്യൂട്ടറും വൈറ്റ്ബോർഡും ലാപ്പും എന്നിങ്ങനെ ഒരു പാക്കേജോ പൂർവനിശ്ചിതമായ ഒരു മോഡലോ അല്ല ; ഓരോ സ്കൂളും സ്വയം കണ്ടെത്തുന്ന സങ്കേതങ്ങളുടെ ജൈവഘടനയാണ്. അങ്ങനെ ഓരോ സ്കൂളും തനതായ രീതിയിൽ വികസിക്കുന്നതാവണം ഹൈടെക്ക്

No comments:

Post a Comment