Friday 23 June 2017

വായനാപക്ഷം 2017

അദ്ധ്യാപക വിദ്യാർഥികൾ വായനാപക്ഷത്തിൽ - പുസ്തകപ്രദർശനത്തിൽ [ 23-06-17]
പുസ്തകം കാണലും വായനക്കാരന്ന് പ്രധാനമാണ് !












Wednesday 21 June 2017

വായന - പ്രതിഫലനങ്ങൾ -Reading Cards Preparation

  1.  വായിച്ച പുസ്തകം : ……………………………………….. 
  2. പുസ്തകം ; ഇനം 
  • നോവൽ / കഥ / കവിത / ഉപന്യാസസമാഹാരം / പഠനം / യാത്രാവിവരണം / രാഷ്ട്രീയം / ശാസ്ത്രം / ചരിത്രം / ഹാസ്യം / ആത്മകഥ / ജീവചരിത്രം / നാടകം / തിരക്കഥ / ബാലസാഹിത്യം / പുരാണം / ഇതിഹാസം / 
  • ഭാഷ : വിവർത്തനം / മലയാളം / ഇംഗ്ലീഷ് / 
3. പുസ്തകം എഴുതിയ ആൾ 
  • പ്രസിദ്ധീകരിച്ച വർഷം : 
  • വില : 
4. പുസ്തകം ലഭിച്ചത് 
  • തന്നെത്താൻ കണ്ടെത്തിയത്  / കൂട്ടുകാർ കണ്ടെത്തിത്തന്നത് / അദ്ധ്യാപകർ നിർദ്ദേശിച്ചത് / വീട്ടിൽ നിന്ന് നിർദ്ദേശിച്ചത് 
5. പുസ്തകം എവിടെനിന്ന് കിട്ടി 
  • സ്കൂൾ ലൈബ്രറി / നാട്ടിലെ ലൈബ്രറി / വീട്ടിൽ നിന്ന് / കൂട്ടുകാർ കൊണ്ടുതന്നത് 
6. വായിച്ച പുസ്തകം 
  •  വായിക്കാൻ ആഗ്രഹിച്ചത് / മുൻ പരിചയമില്ലാത്തത് / വായിക്കാൻ നിർബന്ധിച്ചത് / 
7. വായിച്ചപ്പോൾ ഇഷ്ടപ്പെട്ടത് 
  •  ഉള്ളടക്കം / കഥ / ചില കഥാപാത്രങ്ങൾ / ചില സംഭവങ്ങൾ / ചില ഉദാഹരണങ്ങൾ / ചില സൂചനകൾ / നമുക്കുണ്ടായ അനുഭവങ്ങളുമായിട്ടുള്ള ബന്ധം / വിഷയത്തിലുള്ള മുൻ പരിചയം / റഫറൻസുകൾ / അവതരണശൈലി / ഭാഷാഭംഗി / കെട്ടും മട്ടും 
8. ഉള്ളടക്കം ചുരുക്കിയെഴുതുക 








9. സവിശേഷത -1
  • ശ്രദ്ധിച്ച് വായിക്കണം / എളുപ്പത്തിൽ വായിക്കാം / മലയാളം - ഇംഗ്ലീഷ് ഒരു ഉജ്വലമായ ഭാഷയാണെന്ന് തോന്നിപ്പിച്ചു / ഉള്ളടക്കത്തിന്ന് അനുയോജ്യമായ ഭാഷ / കൃത്രിമമായ ഗാംഭീര്യം കൊടുത്തിരിക്കുന്നു 
10. സവിശേഷത -2 
  • കഥപറയൽ / കവിത / നാടകം / പ്രസംഗം / വിവരണം / പഠനം / പുതിയ കാര്യങ്ങൾ പറഞ്ഞിരിക്കുന്നു / പുത്തൻ നിരീക്ഷണങ്ങൾ / തമാശകലർന്നത് / അനുഭവങ്ങൾ വിവരിക്കുന്നു 
11. സവിശേഷത - 3
  • ഉള്ളിൽ തങ്ങി നിൽക്കുന്ന കഥ - കഥാപാത്രങ്ങൾ - സംഭവങ്ങൾ 
  • നമ്മൾ തീർച്ചയായും മനസ്സിലാക്കേണ്ട  സംഗതികൾ ഉണ്ട് 
  • കാര്യത്തിന്റെ ഒരു വശം മാത്രം കാണുന്നു 
  • തീരുമാനങ്ങൾ നമുക്ക് വിട്ടുതരുന്നു 
  • ഇത് വായിച്ചില്ലെങ്കിൽ വലിയൊരു നഷ്ടമായിരുന്നു 
12. സവിശേഷത -4 
  • നമുക്കറിയാവുന്ന കാര്യങ്ങൾ / അനുഭവങ്ങൾ 
  • ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആവേശം നൽകുന്നത് 
  • പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു 
  • നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു 
  • നിരവധി  ഉദാഹരണങ്ങൾ / റഫറൻസുകൾ എന്നിവ ഉള്ളടങ്ങിയിട്ടുണ്ട് 
  • എഴുത്ത് ബുദ്ധിപരമായി അദ്ധ്വാനമുള്ള ഒരു പ്രവർത്തിയാണ് 
13. പുസ്തകം 
  • സ്വന്തമാക്കി സൂക്ഷിച്ചു വെക്കേണ്ടതാണ്.
  • അദ്ധ്യാപകരും / രക്ഷിതാക്കളും ഈ പുസ്തകം വായിക്കേണ്ടതാണ് 
  • ഈ ഉള്ളടക്കം നേരത്തെ ഞാനും ആലോചിച്ചതാണ് 
  • ഞാനാണെങ്കിൽ  ഇത് ഇങ്ങനെയല്ല എഴുതുക 
  • മുഖചിത്രം ഇങ്ങനെയല്ല വേണ്ടിയിരുന്നത് 
  • വിലയിട്ടിരിക്കുന്നത് ഒരൽപം അധികമാണ് 
  • ഇത്രയധികം പേജുകളിൽ പറയാനുള്ള കാര്യമൊന്നും ഇതിലില്ല  

14. പേര് ………………………………………………………………………………………….. 


15. മറ്റെന്തെങ്കിലും : 

വായനാപക്ഷം ഉദ്ഘാടനം






Sunday 18 June 2017

വായനാവേഗത

ലൈബ്രറിയിൽ നിന്ന് രണ്ടുപുസ്തകം എടുക്കാം. 14 ദിവസത്തിനുള്ളിൽ മടക്കണം. അല്ലെങ്കിൽ ഫൈൻ ഉണ്ട്. 2 പുസ്തകം , 14 ദിവസം, ഫൈൻ എന്നൊക്കെ തീരുമാനമെടുക്കാനുള്ള അടിസ്ഥനമെന്താവും? സാധാരണനിലക്ക് എടുക്കുന്ന പുസ്തകം ശരാശരി 300 പേജ് - 2 പുസ്തകം 600 പേജ് . 600 പേജ് വായിക്കാൻ എത്ര സമയം വേണം? 14 ദിവസം വരെ ലൈബ്രറി നൽകുന്നു. ഇത് വായനയെ പ്രോത്സാഹിപ്പിക്കുന്ന / ശാസ്ത്രീയമായ തീരുമാനമാണെന്നാണോ? ഒരു പുസ്തകം വായിക്കാൻ എത്ര സമയം വേണം? വായന ഏറ്റവും കൂടുതൽ നടക്കുന്ന / ക്കേണ്ട സ്കൂളുകളിൽ , ലൈബ്രറികളിൽ ഈയൊരാലോചന ഉണ്ടായിട്ടേ ഉണ്ടാവില്ല ! പൊതുവെ നമ്മുടെ വായനാപരമായ കണക്കുകൾ അത്രയധികം ആലോചിക്കപ്പെട്ടിട്ടില്ല. നല്ല വായനക്കാർ ഒരു പുസ്തകം വായിക്കാൻ എത്ര സമയം എടുക്കുന്നുണ്ട്? അത് അ - ബുക്കായാലും [ പ്രിന്റ് ]  ഇ- ബുക്കായാലും [ ഇലക്ട്രോണിക്ക്] . വായനക്കാരുടെ ധാരണയിൽ ഇക്കണക്ക് ഉണ്ടായാൽ നന്നാവും.

വായന നമുക്ക് ഒരു മുഴുദിവസ പ്രവർത്തനമല്ല. വായിക്കാനുള്ള സമയം മാറ്റിവെക്കുകയാണ്. അല്ലെങ്കിൽ ഉണ്ടാക്കിയെടുക്കുകയാണ്. ആവശ്യം, പ്രായം, ആരോഗ്യം എന്നിങ്ങനെ പലഘടകങ്ങൾ ഇതിന്നുണ്ട്. നമ്മുടെയിടയിൽ , നാട്ടിലും - സ്കൂളിലും കുറച്ചെങ്കിലും നല്ല വായനക്കാർ ഉണ്ട്. എന്തു തിരക്കാണെങ്കിലും കുറച്ചെങ്കിലും വായിക്കാതെ ഉറങ്ങാത്തയാളുകൾ. ഉറക്കം വരാൻവേണ്ടി  വായിക്കുന്നവരെ അത്ര കണക്കാക്കുന്നില്ല.

സ്കൂളുകളിൽ വായന പഠനവുമായി ബന്ധപ്പെട്ടാണ്. വായിക്കാതെ കുട്ടിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അവിടെ 300 പേജിന്റെ കാര്യമൊന്നും സാധാരണ ഇല്ല. 100 താഴെ പേജുകളെയുള്ളുവെങ്കിലും കുട്ടിയുടെ വായന ഒരു ദിവസം 20-25 പേജാണ്. അതും ഒരു മണിക്കൂർ പരമാവധി. പിന്നെ കുട്ടിക്ക് ക്ഷമയില്ല. വായന നിർത്തി എണീറ്റാൽ തിരിച്ച്  വായനയിലേക്ക് മടങ്ങാൻ പിറ്റേന്നാളേ നോക്കേണ്ടൂ. കുട്ടിയുടെ പ്രകൃതത്തിന്റെ ഭാഗമായി കണ്ടാൽ മതി. മാത്രമല്ല നിർബന്ധവായനയുമാണല്ലോ !

അതിവേഗവായന മാസികകളിലെ തുടരനുകളാണ് പൊതുവെ. കുട്ടികളും മുതിർന്നവരും മാസികയിൽ 4-5 പേജുകൾ [ പുസ്തകമാവുമ്പോൾ 10-15 പേജുകൾ വരും ] ഒറ്റയിരിപ്പിൽ വായിച്ചു തീർക്കും. തുടരനിലെ ആകാംഷയും താൽപ്പര്യവുമാണിതിനു ഹേതു. എന്നാൽ ഈ വേഗത സാധാരണവായനക്കില്ല. വളരെ ചെറിയൊരു ശതമാനം കുട്ടികളും മുതിർന്നവരും തുടർച്ചയുള്ളതും സാമാന്യവേഗതയിലും വായിക്കുന്നവരുണ്ട്. വായന ഒരു സാധനയാക്കിയവർ എന്നൊക്കെ നാം പറയുന്നത് ഇവരെയാണ്. മുതിർന്നയൊരാൾക്ക് അവരവരുടെ ഭാഷ ഒരു മണിക്കൂറിൽ 70 - 80  പേജ് വായിക്കാൻ കഴിയും എന്നാണ് പൊതുവെ കണ്ടുവരുന്നത്. മറ്റൊരുഭാഷയാണെങ്കിൽ - ഇംഗ്ലീഷ് - മണിക്കൂറിൽ 50 പേജ് വായിക്കാം. കുട്ടികൾക്ക് ഇത് പകുതിയിലും താഴെയേ കാണൂ. വായനാശീലം , താൽപ്പര്യം എന്നിവയുടെ അടിസ്ഥാനം ഇതിലുണ്ട്. വായന പരിശീലിപ്പിക്കുന്ന പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ വളരെ കുറവാണ്. അത്യാവശ്യവായനയേ അവിടെയുള്ളൂ. വായനാവാരം മുതലായവ വായനയിലല്ല പ്രസംഗത്തിലാണ് ഊന്നുന്നത്. അതിൽ കുട്ടികളുടെ ഇടപെടൽ വളരെ കുറവ്. ഗ്രന്ഥശാലാസംഘം, ദേശാഭിമാനി തുടങ്ങിയവയുടെ വായനാമത്സരങ്ങൾ മാത്രമാണ് അൽപ്പമെങ്കിലും വായന പ്രോത്സാഹിപ്പിക്കുന്ന സ്കൂൾ തല പരിപാടികൾ. അതുതന്നെ തെരഞ്ഞെടുക്കപ്പെട്ട ചില പുസ്തകങ്ങൾ. കുട്ടികളുടെ ആഗ്രഹാഭിലാഷങ്ങൾക്ക് അത്ര പരിഗണന ഈ തെരഞ്ഞെടുപ്പിൽ കാണാറില്ല.

കിന്റിൽ പോലുള്ള എലക്റ്റ്രോണിക്ക് വായനാസാമഗ്രികൾ ആദ്യമായി ഇ-ബുക്ക് തുറക്കുമ്പോൾത്തന്നെ എത്രപേജ് എത്രസമയം [ typical time to read ] എന്നു കാണിക്കും. ഒർഹാൻ പാമുക്കിന്റെ ' ദി ബ്ലാക്ക് ബുക്ക് ' 475 പേജ് 9 മണിക്കൂർ 30 മിനുട്ട് വായിക്കാനുണ്ട് എന്ന് രേഖപ്പെടുത്തിയിരിക്കും.All The Light We Cannot See 545 പേജ് 10 മണിക്കൂർ 54 മിനുട്ട് / Half of a Yellow Sun 562 പേജ് 11 മണിക്കൂർ 14 മിനുട്ട് -  വായനതുടരുമ്പോൾ എത്ര % വായനയെത്തി, നമ്മുടെ വായനാസ്പീഡ് അനുസരിച്ച് ഇനി എത്ര മണിക്കൂർ വായിക്കാനുണ്ട്എന്നൊക്കെ റീഡറിൽ താഴെ എഴുതിക്കാണിക്കും.   ഒരു ദിവസം 2 മണിക്കൂർ വായിക്കാൻ തീരുമാനിച്ചാൽ പരമാവധി 5 ദിവസം. ഇലക്റ്റ്രോണിക്ക് വായനയിൽ വെളിച്ചം , അക്ഷരവലിപ്പം ഇവയൊന്നും വായനയെ തടസ്സപ്പെടുത്തില്ല. പ്രിന്ററ്റ്ഡ് ബുക്കുകളിൽ പലപ്പോഴും അക്ഷരവലിപ്പം ചെറിയ തടസ്സങ്ങൾ ഉണ്ടാക്കും. എന്നാലും നമ്മുടെ വായനശാലയിൽനിന്നെടുക്കുന്ന പുസ്തകങ്ങൾ ശരാശരി 300 പേജിന്ന് 3 ദിവസം ധാരാളം.  2 പുസ്തകത്തിന്ന് 6 ദിവസം. എന്നാലും 14 ദിവസം അശാസ്ത്രീയമാകുന്നത് 2 തരത്തിലാണ്. ഒന്ന്, ഒരു ബുക്ക് വായിക്കാൻ എത്ര സമയം എന്ന് പൊതുവെ കണക്കാക്കുന്നില്ല. രണ്ട്, അധികസമയം കൊടുക്കുന്നത് - അത്രസമയം വേണം എന്ന തെറ്റായ ധാരണഉണ്ടാക്കുകയും വായനാവേഗം വർദ്ധിക്കാനുള്ള ശ്രമം നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഒന്നും മന:പ്പൂർവമാണെന്നല്ല. അത് ശ്രദ്ധയിൽപ്പെടുത്തുകയാണ് ഈ കുറിപ്പ്.


നമുക്ക് വായിക്കാൻ പറ്റും നമ്മുടെ വേഗതയിൽ. ലോകനിലവാരമാണ് 1 മണിക്കൂറിൽ 50-60 പേജ്. മലയാളം [ മാതൃഭാഷ] 100 പേജും ഇംഗ്ഗ്ലീഷ് 50-60 പേജും വായിക്കുന്നവർ ഉണ്ട്. വായനയെ ഗൗരവമായെടുത്തവർ വായിക്കാൻ എവിടെയും എപ്പോഴും സമയം കണ്ടെത്തുന്നു. തീവണ്ടിയാത്ര വലിയൊരു വായനാഇടമാണ് ഇവരിൽ പലർക്കും. വീട്ടുവായന ധാരാളം. ഡോ. ബി.  ഇക്‌ബാലിനെപ്പോലുള്ളവർ ഫേസ്ബുക്കിൽ sunday reading എന്നൊരു പോസ്റ്റിൽ പുതിയ പുസ്തകങ്ങൾ കാണിച്ചുതരുന്നു. നിരവധി പേരുണ്ട് ഇങ്ങനെ ചെയ്യുന്നവർ. കിൻഡിൽ പോലുള്ള ഇലക്റ്റ്രോണിക്ക് ഉപകരണങ്ങൾ വായന അനായാസമാക്കുന്നു. വായനയുടെ രീതിതന്നെ മാറ്റിമറിക്കുന്നു ഇവ. കയ്യിൽ രണ്ടും മൂന്നും പുസ്തകമായി നടന്നിരുന്നവർ ഇന്ന് 500-600 പുസ്തകങ്ങളുമായി റീഡറുകളുമായി നടക്കുന്നു. ഒരു വർഷം 50 തിനും 100 നും ഇടക്ക് പുസ്തകങ്ങളാണിവർ വായിക്കുന്നത്.

വായനയുടെ തുടർച്ചയായ എഴുത്തും പ്രഭാഷണവും സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തനങ്ങളും നടക്കും. നടക്കണം. വായന ഒരു പാക്കേജ് ആണ്. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരികപ്രവർത്തനങ്ങളടങ്ങിയ വലിയൊരു പാക്കേജ്.

Friday 16 June 2017

കലണ്ടർ ജൂൺ 2017

ടി ടി ഐ മണ്ണമ്പറ്റ , ശ്രീകൃഷ്ണപുരം


ടി ടി ഐ കലണ്ടർ : 2017 ജൂൺ

നമ്പർ
തീയതി
പരിപാടി
വിശദാംശം
1 1 എസ് ആർ ജി / സെമസ്റ്റർ ആരംഭം പാർലമെന്റ് , മാസപരിപാടികൾ വിശദമാക്കൽ / പ്രതിദിവസവായന [ 15 മിനുട്ട് ] ആരംഭം / ചുമതലകൾ വിഭജനം
2 5 ലോകപരിസ്ഥിതിദിനം അസ്ംബ്ലി / മരത്തൈകൾ നടീൽ / പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്സ് / ടൈം ടേബിൾ
3 15 റിവാല്യുവേഷൻ / K_Tet അഡ്മിഷൻ തുടക്കം / പ്രിൻസിപ്പാൾ മീറ്റിറ്റിങ്ങ് കൺഫർമേഷൻ




ഡയറ്റ്
4 18 കെ ടെറ്റ് ക്ലാസുകൾ ഉദ്ഘാടനം
5 19 വായനാദിനം ഉദ്ഘാടനം / അസംബ്ലി / പ്രതിദിന വായന : ചർച്ച
6 26 മയക്കുമരുന്ന് വിരുദ്ധദിനം
7 30 വായനാപക്ഷം : സമാപനം വായനാക്കുറിപ്പുകൾ തയ്യാറാക്കൽ / അസംബ്ലി - ടോപ്പിക്ക് സമാഹാരം പ്രകാശനം [ പതിമാസ പരിപാടി]


നവലോകകാലത്തെ ക്ലാസ്‌മുറി

ലോകമെമ്പാടും സ്കൂളുകളും ക്ലാസ്മുറികളും ആധുനികരീതിക്കനുസരിച്ച് രൂപം മാറുകയാണ്. പഴയ സാമ്പ്രദായിക രീതികൾ ഇന്നെവിടെയും ഇല്ല. അധ്യാപനം, പഠനം, പരീക്ഷ എന്നീ മേഖലകളിലൊക്കെ നവീനത സ്ഥാപിക്കപ്പെടുന്നു. മൂന്നാം ലോക രാജ്യങ്ങളിലടക്കം ഇതാണവസ്ഥ. മാറ്റങ്ങളിൽ ഭൗതികമായ അംശം പ്രധാനമായി , ഉയർന്ന സാങ്കേതികവിദ്യക്ക് പ്രമുഖ്യം ഉണ്ടാവുന്നു എന്നതാണ്. വികസിച്ചുകൊണ്ടിരിക്കുന്ന വിവരസാങ്കേതികവിദ്യ വിദ്യാഭ്യാസമേഖലയിൽ വലിയതോതിൽ പരിവർത്തനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. കേരളത്തിലും അതിന്റെ സ്വാധീനം പ്രകടമാണ്.

അറിവ് കൈമാറ്റം, അറിവ് ശേഖരണം / സൂക്ഷിക്കൽ , വിവരങ്ങൾ ആവശ്യാനുസൃതം കൈകാര്യം ചെയ്യൽ, അറിവ് നിർമ്മാണം, അറിവിന്റെ പുനരുപയോഗം തുടങ്ങിയ പ്രവർത്തനങ്ങളാണ് പൊതുവെ സ്കൂളുകളിൽ നടക്കുന്നത്. അദ്ധ്യാപകനാണ് ഇതിനെല്ലാം ആവശ്യമായ പഠനാനുഭവങ്ങൾ / പ്രവർത്തനങ്ങൾ ഒരുക്കൂട്ടുന്നത്. ഇതൊക്കെയും നിർവഹിക്കാനുള്ള അന്തരീക്ഷം ക്ലാസ്‌മുറിയിൽ വേണം. ഇതിന്റെയൊക്കെ ഫലഭാഗം ജ്ഞാനനിർമ്മാണം തന്നെയാണ്. കുട്ടി അറിവ് നിർമ്മിക്കുന്നു. അദ്ധ്യാപകർ സഹായിക്കുന്നു; സ്വയം നവീകരിക്കപ്പെടുന്നു. ഈ പ്രക്രിയക്ക് ക്ലാസ്മുറി മാത്രമല്ല സ്കൂളാകെത്തന്നെ പഠനപരിസരമായി മാറുന്നു. സ്കൂളിന്ന് പുറത്തേക്കും പരിസരം വികസിക്കുന്നു. പാഠപുസ്തകം, പഠനോപകരണനം , ലാബ് , ലൈബ്രറി , പ്രാദേശികമായി ലഭ്യമാകുന്ന അറിവിന്റെ സാധ്യതകൾ എല്ലാം കുട്ടിയേയും അദ്ധ്യാപകനേയും സഹായിക്കുന്നു. ഇവിടങ്ങളിൽ നിന്നൊക്കെ വിവരങ്ങളാണ് / ഇൻഫൊർമേഷനാണ് ലഭിക്കുന്നത്. അദ്ധ്യാപകന്റെ സഹായത്തോടെ കുട്ടി ഇതൊക്കെ സ്വീകരിക്കുകയും പരിചരിക്കുകയും പാകപ്പെടുത്തുകയും ചെയ്ത് അറിവുണ്ടാക്കുന്നു. ഈ പ്രക്രിയക്ക് സഹായകമായ ഒരു പഠനാന്തരീക്ഷം / ലേർണിങ്ങ് എൻവിറോൺമെന്റ് ഒരുക്കിയെടുക്കാനാണ് ഡിജിറ്റലും നോൺ ഡിജിറ്റലുമായ സംവിധാനങ്ങളൊക്കെയും . ഈയൊരു എൻവിറോണ്മെന്റ് ആണ് വിദ്യാഭ്യാസമേഖലയിലെ ഹൈടെക്ക് !

ഉപകരണങ്ങളുടെ കാര്യത്തിൽ നമ്മുടെ സ്കൂളുകൾ താരതമ്യേന സമ്പന്നമാണ്. ഇല്ലാത്തവ ഉണ്ടാക്കാൻ വേണ്ട കെൽപ്പ് നിലവിൽ സമൂഹമധ്യത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഉണ്ട്. സ്റ്റേറ്റും ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നു. എന്നാൽ

1 . കമ്പ്യൂട്ടർ പോലുള്ള ഉപകരണങ്ങൾ പലകാരണങ്ങളാലും അറിവു നിർമ്മാണവുമായി സംയോജിപ്പിക്കാൻ നമ്മുടെ പരമ്പരാഗത അദ്ധ്യാപക സമൂഹത്തിന്ന് ആവുന്നില്ല.
2 . പഠനപ്രക്രിയാസന്ദർഭങ്ങളിൽ പ്രസക്തമായ രീതിയിൽ ഈ ഉപകരണങ്ങൾ പ്രയോജനപ്പെടുത്താൻ കുട്ടിക്കോ അദ്ധ്യാപകർക്കോ വേണ്ടത്ര സഹായമോ വഴികാട്ടലോ ഉണ്ടാകുന്നില്ല.
3 . ഗംഭീരമായി ഒരുക്കിയെടുക്കുന്ന ഐ ടി ലാബിന്ന് പുറത്ത് ഈ സാങ്കേതികവിദ്യ അദ്ധ്യാപകന്നോ കുട്ടിക്കോ പ്രവത്തിപ്പിക്കാനാവുന്നില്ല.

ക്ലാസ്മുറിയിലും ക്ലാസ്മുറിക്ക് പുറത്ത് സ്കൂളിലാകെയും വീട്ടിലും ആവശ്യമെന്നു തോന്നുന്ന സന്ദർഭങ്ങളിലൊക്കെ കുട്ടിക്കും അധ്യാപകനും രക്ഷിതാവിനും പ്രയോജനപ്പെടുത്താവുന്ന നിലയിൽ ഈ സങ്കേതിക സംവിധാനങ്ങൾ ലഭ്യമാകുമ്പോഴെ പഠനം ഹൈടെക്ക് ആവുകയുള്ളൂ.

അദ്ധ്യപകർ, ലാബ് , ലൈബ്രറി, ക്ലാസ്രൂം, കളിസ്ഥലം, സ്കൂൾ അന്തരീക്ഷം, സാമൂഹ്യപരിസം, പ്രകൃതി, നാടിന്റെ സംസ്കാരം, നാടിന്റെ ചരിത്രം, നാട്ടിലെ ജ്ഞാനസമ്പത്ത് [ ലോക്കൽ റിസോർസ് ] തുടങ്ങി ഭൗതികമായ സാധ്യതകളൊക്കെ കുട്ടിക്ക് പ്രയോജനപ്പെടുത്താൻ കഴിയണം. ഇതിനൊക്കെ പകരമാണ് സങ്കേതികവിദ്യ എന്ന ധാരണ ഉണ്ടാകരുത്.

പഠനവും പരീക്ഷയും നിരന്തരമായും നിലവിലെ അവസ്ഥയിൽ ടേമന്ത്യത്തിലും നിർവഹിക്കപ്പെടുന്നതിന്ന് ഈ സാങ്കേതിക സംവിധാനത്തിന്ന് സഹായം നൽകാൻ കഴിയണം.

അദ്ധ്യാപകനും രക്ഷിതാവിനും ഔദ്യോഗികസംവിധാനത്തിനും മുഴുവൻ പ്രക്രിയകൾ നിരീക്ഷിക്കാനും വേണ്ട സഹായം നൽകാനും ഈ സാങ്കേതികസംവിധാനത്തിന്ന് പ്രാപ്തിയുണ്ടാവണം.

ഭിന്ന നിലവാരക്കാർ, ഭിന്ന ശേഷിക്കാർ, എന്നിവരെയൊക്കെ പരിഗണിക്കാനും അവരെ സഹായിക്കുന്ന പ്രക്രിയകളും പ്രവർത്തനങ്ങളും സാധ്യമാക്കാനും ഈ സാങ്കേതിക സംവിധാനത്തിന്ന് കഴിയണം. എല്ലാ കുട്ടിക്കും പ്രയോജനപ്പെടണം.

കുട്ടിയുടെ ബഹുമുഖബുദ്ധി എന്ന പരികൽപ്പന അംഗീകരിക്കപ്പെടണം. ബഹുമുഖബുദ്ധിയെ പ്രചോദിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ക്ലാസ്‌മുറിയിൽ ഉണ്ടാവണം. മികവ് ഓരോകുട്ടിക്കും ഉറപ്പുവരുത്തണം.

നിലവിലുള്ള പാഠപുസ്തകങ്ങൾ, ടീച്ചർ ടെക്സ്റ്റുകൾ എന്നിവക്കുള്ളിൽ നിന്നാവണം എല്ലാ സാങ്കേതികനിബന്ധങ്ങളും. കാലാനുസൃതമായി പുതുക്കപ്പെടണം. സർഗാത്മകമായ അദ്ധ്യാപക ഇടപെടലുകൾ / മെച്ചപ്പെടുത്തലുകൾ അനുവദിക്കപ്പെടണം.

ഓരോ പാഠപുസ്തകങ്ങളിലേയും ഓരോ യൂണിറ്റുകളിലേയും ഓരൊ പ്രവർത്തനങ്ങളും അടിസ്ഥാനമാക്കിയുള്ള സഹായക സംവിധാനം സാങ്കേതിക വിദ്യകൊണ്ട് സമ്പുഷ്ടമാവണം. റീഡിങ്ങ് കാർഡുകൾ, ഓഡിയോ, വീഡിയോ, ചിത്രങ്ങൾ, വർക്ക്ഷീറ്റുകൾ, ഇന്ററാക്ടീവ് ഗെയിമുകൾ, ഇവാലുവേഷൻ സാമഗ്രികൾ , ഇവലുവേഷൻ പ്രക്രിയകൾ , അക്കാദമികമായ ആപ്പുകൾ തുടങ്ങിയ സാധ്യതകൾ പ്രയോജനപ്പെടുത്തണം. ഡിജിറ്റൽ ലാബ്, ഡിജിറ്റൽ ലൈബ്രറി, ബ്ലോഗ് - സൈറ്റ് - സാമൂഹ്യമാധ്യമങ്ങൾ , വിക്കിപീഡിയ എന്നിവയൊക്കെയും ഇതിൽ പ്രയോജനപ്പെടണം.

വ്യത്യസ്തബോധന തന്ത്രങ്ങൾ ആവിഷ്കരിക്കാൻ സാധ്യത നൽകുന്നതാവണം .Differentiated Education Strategies , Collaborative learning strategies , Inclusive Education strategies , Dynamic Text , Universal Design for Learning , Cognitive Tutor , Local Text.... തുടങ്ങിയവ.

കുട്ടിയെ നിരന്തരമായി വിലയിരുത്താനും അതിനനുസരിച്ച പ്രവർത്തനാസൂത്രണം നടത്താനും സഹായകരമാകുന്നതാവണം. പ്രക്രിയാ ബന്ധിതമായ ശേഷി വികാസങ്ങളെ നിരന്തര മൂല്യനിർണ്ണയത്തിലൂടെ വിലയിരുത്തി മുന്നേറാനുള്ള ടൂളുകൾ ഉള്ളടക്കം ചെയ്തിരിക്കണം.

പഠന രീതിയുടെ അന്താരാഷ്ട്ര നിലവാരം നേടുന്നതിലേക്കു നയിക്കുന്നതാവണം. ലോകത്തെവിടെയും ലഭിക്കുന്ന എല്ലാ അറിവുകളും കൂട്ടിച്ചേർക്കാവുന്ന ഒരു പ്ലാറ്റ്ഫോമായിരിക്കണം രൂപപ്പെടുത്തേണ്ടത്.

വേണ്ടത് വേണ്ടപ്പോൾവേണ്ടിടത്ത് ലഭ്യമാവണം. നിലവിലുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും ബ്ലോഗുകളിലും വെബ്‌സൈറ്റുകളിലും ലഭ്യമാവുന്നതും ക്ലാസിൽ രൂപപ്പെടുന്നതും ആയ എല്ലാ റിസോഴ്സുകളും കൂട്ടിച്ചേർക്കാവുന്നതും വിരൽതുമ്പിൽ ലഭ്യമാക്കാനും കഴിയണം. പുനരുപയോഗം, നവീകരണം എന്നിവക്ക് പ്രാധാന്യം കൊടുക്കണം.

നിരന്തരം സ്വയം നവീകരിക്കപ്പെടാനും ഓരോകുട്ടിയുടേയും അദ്ധ്യാപകന്റേയും നിലവാരത്തിനനുസരിച്ച് മെച്ചപ്പെടുത്താനും അത് യഥാസമയം വിലയിരുത്താനും നിർദ്ദേശങ്ങൾ നൽകാൻ നിയുക്തരായവർക്ക് ഇടപെടാനും ഈ സാങ്കേതികസംവിധാനത്തിന്ന് അവസരവും ഇടവുമുണ്ടാകണം.


ഇത്രയും കാര്യങ്ങളെങ്കിലും സാധ്യമാക്കാനാവുമ്പോഴേ നാമും നവലോകത്തോടൊപ്പം സാങ്കേതികവിദ്യയിൽ എത്തീ എന്നു ഉറപ്പിക്കാനാവൂ. ഉപകരണങ്ങൾ ശേഖരിക്കുകയും അത് അറിവുനിർമ്മാണത്തിൽ / പ്രക്രിയകളിൽ ആവശ്യമായ സന്ദർഭങ്ങളിലൊക്കെ ഒട്ടും സങ്കീർണ്ണതകളില്ലാതെ സഹായകമാവുകയും ചെയ്യുന്നു എന്നു വരുമ്പോഴേ നാം ഹൈടെക്ക് ആവുകയുള്ളൂ. അദ്ധ്യാപകർക്കും കുട്ടിക്കും നൽകുന്ന ഒരു പരിശീലനവും ഇതിലേക്ക് എത്തിക്കില്ല. അദ്ധ്യാപകന്റേയും കുട്ടിയുടേയും ഒരു വികാരമായി, സംസ്കാരമായി, സ്വഭാവമായി ഇത് സ്വയം രൂപപ്പെടണം. ഓരോ സ്കൂളും അവരവർക്കാവശ്യമായ രീതിയിൽ – സ്കൂൾ മാസ്റ്റർപ്ലാൻ, വാർഷികപ്ലാൻ , എസ് ആർ ജി ചർച്ചകൾ എന്നിവയുടെ അടിസ്ഥാനത്തിൽ – സ്വയം കെട്ടിപ്പടുക്കുന്ന സാങ്കേതികസംവിധാനങ്ങളാവണം. കുറേ കമ്പ്യൂട്ടറും വൈറ്റ്ബോർഡും ലാപ്പും എന്നിങ്ങനെ ഒരു പാക്കേജോ പൂർവനിശ്ചിതമായ ഒരു മോഡലോ അല്ല ; ഓരോ സ്കൂളും സ്വയം കണ്ടെത്തുന്ന സങ്കേതങ്ങളുടെ ജൈവഘടനയാണ്. അങ്ങനെ ഓരോ സ്കൂളും തനതായ രീതിയിൽ വികസിക്കുന്നതാവണം ഹൈടെക്ക്